ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റിലെ തീപിടുത്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അല്പ സമയം മുൻപാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്ത് നൽകിയത്. വിവിധ വകുപ്പുകളോട് ഹൈക്കോടതി റിപ്പോർട്ട് തേടി. (brahmapuram plant high court)
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം അഞ്ച് ദിവസമായിട്ടും വിഷപ്പുക കൊണ്ട് ശ്വാസം മുട്ടുകയാണ് കൊച്ചി നഗരം. പുക അടക്കാനും തീ പൂർണമായും ഇല്ലാതാക്കാനും നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനും പൂർണമായും കഴിയാതെ വന്നതോടെയാണ് ഹൈക്കോടതി ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നത്. സംഭവത്തിൽ സ്വീകരിച്ച നടപടികൾ എന്താണെന്ന് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വിവിധ സർക്കാർ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി നഗരത്തിലെ വായു മലിനീകരണ തോത് ഉയർന്നു. പലയിടങ്ങളിലും വായു മലിനീകരണ തോത് 200ന് മുകളിലെത്തി. തീയണക്കാൻ ഫയർഫോഴ്‌സ് തീവ്രശ്രമത്തിലാണെന്ന് ഫയർഫോഴ്‌സ് മേധാവി ബി. സന്ധ്യ ട്വന്റിഫോറിനോട് പറഞ്ഞു. പൂർണ്ണമായും തീയണക്കാൻ എത്ര സമയം വേണ്ടിവരും എന്ന് പറയാൻ കഴിയില്ല. കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്താൻ സാധിക്കില്ലെന്നും ബി സന്ധ്യ പറഞ്ഞു
അതേസമയം തീയണയ്ക്കാൻ കോർപറേഷൻ ഹിറ്റാച്ചികൾ എത്തിക്കുന്നില്ലെന്ന പരാതിയുമായി ഫയർഫോഴ്‌സ് രംഗത്തെത്തി. ഇതുവരെ നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ തീ കെടുത്തിയാലും വീണ്ടും കത്തുമെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.
തീപിടുത്തത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് നാളെയും അവധി. 1 മുതൽ 7 വരെ ക്ലാസുകൾക്കാണ് എറണാകുളം കളക്ടർ നാളെയും അവധി പ്രഖ്യാപിച്ചത്. വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്കൂളുകൾക്കാണ് അവധി നൽകിയത്.
ഇതിന് പുറമേ തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.