കൊച്ചി : ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജാമ്യം തേടി ഹൈക്കോടതിയിൽ. കേസില്‍ ഉൾപ്പെടുത്തി ഇഡി വേട്ടയാടുന്നുവെന്ന് ശിവശങ്കർ ഹർജിയിൽ ആരോപിച്ചു. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. തന്നെ ഇഡി വേട്ടയാടുകയാണെന്നും ഹർജിയിലുണ്ട്. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
അതേ സമയം, ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. യുഎഇയിലെ റെഡ് ക്രസന്‍റിനെ സംസ്ഥാനത്തെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക ചുമതല വഹിച്ചത് രവീന്ദ്രനെന്നാണ് വിലയിരുത്തൽ.
രണ്ടു ദിവസമായി ഇരുപത് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവശക്തനായ സിഎം രവീന്ദ്രനെ പ്രതിചേർക്കുന്ന കാര്യത്തിൽ ഇ ഡി അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാൽ അതിനുളള സാധ്യത തളളിക്കളയുന്നുമില്ല. രവീന്ദ്രൻ രണ്ടു ദിവസമായി നൽകിയ മൊഴി എൻഫോഴ്സ്മെന്‍റ് പരിശോധിക്കുകയാണ്. ഇത് ശരിയാണോയെന്നറിയാൽ പദ്ധതിയുമായി നേരിട്ടിടപെട്ട ചിലരിൽ നിന്ന് വിശദാംശങ്ങളും തേടുന്നുണ്ട്. മൊഴിയിൽ വ്യക്തത വരുത്തിയശേഷമാകും രവീന്ദ്രനെ വീണ്ടു വിളിച്ചുവരുത്തുക. അത് എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നാണ് എൻഫോഴ്സ്മെന്‍റ് ഏജൻസി വൃത്തങ്ങൾ പറയുന്നത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലേക്ക് യു എഇ റെഡ് ക്രസിന്‍റിനെ കൊണ്ടുവരുന്നതിന് രവീന്ദ്രനും സജീവമായി ഇടപെട്ടെന്ന് സ്ഥിരീകരിക്കാൻ കേന്ദ്ര ഏജൻസിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിൽ കളളപ്പണ ഇടപാടുണ്ടെന്ന് അറിഞ്ഞുകൊണ്ടാണോ ഇടപെട്ടതെന്നാണ് പരിശോധിക്കുന്നത്. അതിൽ വ്യക്തത വന്നശേഷമാകും രവീന്ദ്രനെ എന്തു ചെയ്യണമെന്ന് എൻഫോഴ്സ്മെന്‍റ് തീരുമാനിക്കുക.