ജയ്പുർ • വനിതാ ജഡ്ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. സമൂഹ മാധ്യമങ്ങളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് ജഡ്ജിയുടെ ചേംബറിലും വീട്ടിലും എത്തിച്ച് ഭീഷണിപ്പെടുത്തിയത്.
ഫെബ്രുവരി 7ന്, 30 വയസ്സില്‍ താഴെ പ്രായം തോന്നിക്കുന്നയാൾ ജയ്പുര്‍ കോടതിയിലെ ജഡ്ജിയുടെ ചേംബറിലെത്തി സ്റ്റെനോഗ്രഫര്‍ക്ക് ഒരു പാഴ്സല്‍ കൈമാറി. ജഡ്ജിയുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ നിന്നാണെന്ന് പറഞ്ഞാണ് പാഴ്സല്‍ കൈമാറിയത്. മിഠായികള്‍ക്കിടയില്‍ കത്തും അശ്ലീല ചിത്രങ്ങളും വച്ച നിലയിലായിരുന്നു പാഴ്സല്‍.
ചിത്രങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാന്‍ 20 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പണം നല്‍കേണ്ട സ്ഥലവും സമയവും പിന്നാലെ അറിയിക്കാമെന്നും കത്തിൽ എഴുതിയിരുന്നു. 20 ദിവസം കഴിഞ്ഞ് സമാനമായ പാഴ്സല്‍ ജഡ്ജിയുടെ വീട്ടിലും എത്തിച്ചു. തുടർന്ന് ജഡ്ജി പൊലീസില്‍ പരാതി നല്കി. കോടതിയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.