ഷിംല: സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കെ താൻ രാജിവെച്ചെന്ന പരാമർശം തള്ളി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു. ആരും തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ആർക്കും രാജിക്കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയുടേത് സർക്കാരിനെ തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ ഭയപ്പെടില്ല. അങ്ങനെ ഭയപ്പെടുന്നയാളുമല്ല. ഒരു കാര്യം ഉറപ്പോടെ പറയാനാകും, ബജറ്റ് അവതരണത്തിന് ശേഷം വിജയിക്കുന്നത് കോൺഗ്രസ് തന്നെയായിരിക്കും. ബജറ്റ് ഇന്ന് പാസാകും. ബി.ജെ.പി എന്റെ രാജിയെ കുറിച്ച് വ്യാജപ്രചരണങ്ങൾ നടത്തുകയാണ്. കോൺഗ്രസ് ഒരുമയോടെ തന്നെയുണ്ട്. ബി.ജെ.പിക്ക് നിയമസഭയിൽ ഭിന്നിപ്പുണ്ടാക്കുകയാണ് ലക്ഷ്യം. അവർക്ക് കോൺഗ്രസ് എം.എൽ.എമാരെ രാജിവെപ്പിച്ച് അവർക്കൊപ്പം ചേർക്കുകയാണ് വേണ്ടത്. കോൺഗ്രസ് ഐക്യമുള്ളതാണ്. ബി.ജെ.പിക്ക് വോട്ട് ചെയ്ത ചില എം.എൽ.എമാരുമായും ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്”, മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ സുഖ്‍വിന്ദർ സിങ് സുഖു രാജിവെച്ചെന്ന പരാമർശം എ.ഐ.സി.സി തള്ളിയിരുന്നു. രാജി സന്നദ്ധത കോൺഗ്രസ് ഹൈകമാൻഡിനെ അറിയിച്ചെന്നായിരുന്നു പ്രചരണം.രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആറു എം.എൽ.എമാർ ക്രോസ് വോട്ടു ചെയ്തതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തിൻറെ ഭാഗമായി സഭയിൽ വിശ്വാസ വോട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംഘം ബുധനാഴ്ച രാവിലെ ഗവർണറെ കണ്ടിരുന്നു. എന്നാൽ, സഭയിലെ 15 ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്താണ് കോൺഗ്രസ് സർക്കാർ തിരിച്ചടിച്ചത്. സുഖുവിനെതിരെ ഒരു വിഭാഗം എം.എൽ.എമാർ രംഗത്തുണ്ട്. മുഖ്യമന്ത്രിയെ മാറ്റി പ്രശ്നം പരിഹരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനിടെ അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിൻറെ മകനും മന്ത്രിയുമായി വിക്രമാദിത്യ സിങ് രാജി വെച്ചു. കഴിഞ്ഞ ദിവസം വിമതനീക്കത്തിന് ചുക്കാൻ പിടിച്ചത് ഇദ്ദേഹമാണെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂർ അടക്കമുള്ള ബി.ജെ.പി എം.എൽ.എമാരെയാണ് സസ്പെൻഡ് ചെയ്തത്. ആകെ 25 എം.എൽ.എമാരാണ് ബി.ജെ.പിക്ക് സഭയിലുള്ളത്. വിശ്വാസ വോട്ടെടുപ്പ് നടന്നാൽ 11 പേർക്കു മാത്രമേ ഇനി പങ്കെടുക്കാനാവു. മുഖ്യമന്ത്രി സുഖ്‍വീന്ദർ സുകുവിനെതിരെ രൂക്ഷ വിമർശനങ്ങളാണ് വിക്രമാദിത്യ നടത്തിയത്. മുഖ്യമന്ത്രി എം.എൽ.എമാരോട് അനാദരവ് കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. ആറു കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതോടെ ഇരു സ്ഥാനാർഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചു. ഒടുവിൽ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിയുടെ ഹർഷ് മഹാജൻ ജയിച്ചത്.