തിരുവനന്തപുരം: ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയിലൂടെ വ്യവസായത്തില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് മന്ത്രി ജി.ആര്‍ അനില്‍. തിരുവനന്തപുരം ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ചുള്ള ‘അനന്തപുരി മേള 2023’ പുത്തരിക്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ഒരു ലക്ഷം ലക്ഷ്യമിട്ടപ്പോള്‍ ഒരു ലക്ഷത്തി നാല്പതിനായിരം സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. നിരവധി ഉത്പന്നങ്ങള്‍ സമൂഹത്തിന് പരിചയപ്പെടുത്താനും ജനപ്രീതിയുണ്ടാക്കാനും ഇതിലൂടെ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വ്യവസായങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ അനുകൂല കാലാവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേളയില്‍ ജില്ലയിലെ ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവീന ആശയങ്ങളുമായി സംരംഭക രംഗത്തെത്തുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയുമാണ് മേളയുടെ ലക്ഷ്യം. നാല് ദിവസം നീണ്ട് നില്‍ക്കുന്ന മേള മാര്‍ച്ച് 13ന് സമാപിക്കും.