ലഖ്നൗ: അച്ഛനെ കൊലപ്പെടുത്തിയശേഷം യുവാവ് മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. തിവാരിപുർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മഥൂർ ഗുപ്ത(62)യെയാണ് മകൻ പ്രിൻസ് ഗുപ്ത അതിക്രൂരമായി കൊലപ്പെടുത്തിയത്. അച്ഛനുമായുള്ള സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് മഥൂർ ഗുപ്ത കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. അച്ഛൻ തനിക്ക് പണം നൽകാതിരുന്നതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ഇതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് തല അറുത്തുമാറ്റിയ പ്രതി, മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി. പിന്നീട് ഈ ട്രോളിബാഗ് ഇരുചക്രവാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മറ്റൊരിടത്ത് ഉപേക്ഷിക്കുകയായിരുന്നു.
പ്രിൻസ് ഗുപ്ത വീട്ടിൽനിന്ന് പോകുന്നത് ഇളയസഹോദരനായ പ്രശാന്ത് ഗുപ്ത ശ്രദ്ധിച്ചിരുന്നു. എന്നാൽ എങ്ങോട്ടാണ് പോകുന്നതെന്ന് ഇയാൾ സഹോദരനോട് പറഞ്ഞിരുന്നില്ല. സംശയം തോന്നിയ സഹോദരൻ വീട്ടിൽ കയറി പരിശോധിച്ചതോടെ രക്തക്കറകൾ കണ്ടു. വീട്ടിലുണ്ടായിരുന്ന ട്രോളി ബാഗും കാണാനില്ലായിരുന്നു. ഇതോടെ സഹോദരൻ തന്നെയാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി ചോദ്യംചെയ്തതോടെ പ്രിൻസ് ഗുപ്ത കുറ്റംസമ്മതിക്കുകയായിരുന്നു.