ഇസ്ലാമാബാദ്: തോഷഖാന കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോർ ഹെെക്കോടതി. വ്യാഴാഴ്ച രാവിലെ 10 മണിവരെയാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കോടതി പൊലീസിനെ വിലക്കിയത്. അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇമ്രാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് നേതാവ് ഫവാദ് ചൗധരി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
അറസ്റ്റ് ചെയ്യാനായി ലാഹോറിലെ സമാൻ പാർക്കിലെത്തിയ പൊലീസ് സന്നാഹത്തോട് മടങ്ങാനും ലാഹോർ ഹൈക്കോടതി ഉത്തരവിട്ടു. അറസ്റ്റിൽ നിന്നും പൊലീസ് പിന്മാറിയതോടെ ഇമ്രാൻ അനുകൂലികൾ ആഹ്ലാദ പ്രകടനവും നടത്തി. ഉത്തരവിന് പിന്നാലെ വസതിക്ക് പുറത്തെത്തിയ ഇമ്രാൻ ഖാൻ പ്രവർത്തകരോട് നേരിട്ട് സംസാരിക്കുകയും ചെയ്തു. ഇമ്രാൻഖാൻ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ലഭിച്ച സമ്മാനങ്ങൾ അമിത വിലയ്ക്ക് വിറ്റ് നികുതിവെട്ടിപ്പു നടത്തിയതാണ് തോഷഖാന കേസ്.
കേസിൽ ഹാജരാകാത്തതിനെത്തുടർന്നാണ് ഇമ്രാൻ ഖാനെതിരെ ഇസ്ലാമാബാദ് പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മൂന്ന് ദിവസം മുമ്പാണ് പൊലീസ് അറസ്റ്റ് വാറന്റുമായി ലാഹോറിലെ വസതിയിലെത്തിയത്. എന്നാൽ വസതിക്ക് മുമ്പിൽ ഇമ്രാൻ അനുകൂലികൾ അണിനിരന്നുകൊണ്ട് പൊലീസിനെതിരേെ പ്രതിഷേധിക്കുകയായിരുന്നു.
ഇത് കൂടാതെ കറാച്ചി, ഇസ്ലാമാബാദ്, പെഷവാർ, ക്വറ്റ എന്നിവിടങ്ങളിലും ഇമ്രാൻ അനുകൂലികളും പാക്ക് പൊലീസും തമ്മിലുള്ള സംഘർഷം നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, പാക്കിസ്ഥാൻ പൊലീസിന്റെ പദ്ധതി അറസ്റ്റല്ല തന്നെ തട്ടിയെടുത്തു കൊലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇമ്രാൻ ഖാൻ ബുധനാഴ്ച ആരോപിച്ചു.