Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബ്രഹ്മപുരം: ഡിസിസിയുടെ കോർപറേഷൻ ഉപരോധത്തിൽ സംഘർഷം

ബ്രഹ്മപുരം: ഡിസിസിയുടെ കോർപറേഷൻ ഉപരോധത്തിൽ സംഘർഷം

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി മേയർ എം. അനിൽകുമാറിന്റെ രാജി ആവശ്യപ്പെട്ടും അഴിമതിയിൽ നടപടിയാവശ്യപ്പെട്ടും ഡിസിസി നടത്തുന്ന കോർപറേഷൻ ഉപരോധത്തിൽ സംഘർഷം. രാവിലെ അഞ്ചിന് ആരംഭിച്ച ഉപരോധത്തിൽ പൊലീസ് ഇടപെട്ടതോടെയാണ് ഉന്തിനും തള്ളിനും വഴിവച്ചത്.

പൊലീസ് അഴിമതിക്കാരെ സംരക്ഷിക്കുന്നതായി ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. 15 ദിവസമായിട്ടും ഒരാളെ പോലും പ്രതി ചേർത്തിട്ടില്ല. ഇതുവരെ കരാർ കമ്പനിയെയോ മേയറേയോ കോർപറേഷൻ സെക്രട്ടറിയേയോ എൻവയോൺമെന്റൽ എഞ്ചിനീയറേയോ ഒന്നും പ്രതി ചേർത്തിട്ടില്ല. അപ്പോൾ അഴിമതിക്കാരെ സംരക്ഷിക്കാനും അഴിമതിക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കോൺഗ്രസുകാരെ തല്ലാനുമാണ് പൊലീസ് വന്നിരിക്കുന്നത്.

ഒരു കാരണവശാലും ഇത് അനുവദിക്കില്ല. എത്ര പൊലീസിറങ്ങിയാലും കോർപറേഷനിലേക്ക് ഒരാളെ പോലും കയറ്റിവിടില്ലെന്നും ഷിയാസ് പറഞ്ഞു. ഇത് ഈ നാടിന്റെ ജനരോഷമാണ്. എറണാകുളം പട്ടണത്തിലെയും പരിസരപ്രദേശങ്ങളിലേയും ജനങ്ങളുടെ ആവശ്യമാണ് തങ്ങൾ നിറവേറ്റുന്നത്. മേയർ രാജി വെക്കുംവരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് കോർപറേഷൻ ഓഫീസിന് മുന്നിലുണ്ടാകും.

പൊലീസ് മനഃപൂർവം പ്രശ്‌നങ്ങളുണ്ടാക്കുന്നു. വരുന്ന ആളുകളോട് അസി. കമ്മീഷണർ വളരെ മോശമായി സംസാരിക്കുന്നു. അദ്ദേഹം യൂണീഫോം ഊരിവച്ച് ലോക്കൽകമ്മിറ്റി ഓഫീസിലോ ഏരിയ കമ്മിറ്റി പോയി ചാർജെടുക്കണം. പൊലീസ് സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നു. എറണാകുളം പട്ടണത്തിൽ കൊലയും പിടിച്ചുപറിയും കൂടുമ്പോൾ അവരാരെയും പിടിക്കുന്നില്ല.

സമരം ചെയ്യാൻ വന്ന കോൺഗ്രസുകാർക്കെതിരെ മെക്കിട്ടുകയറുകയും അക്രമിക്കുകയും ചെയ്യുന്നത് ശുദ്ധ ഭോഷ്‌കാണ്. അതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകും. പൊലീസ് സിപിഎമ്മിന്റെ ക്വട്ടേഷൻ പണി ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ നോട്ടീസ് കൊടുത്ത് നടത്തുന്നതാണ് ഈ ഉപരോധം. ഒരു കാരണവശാലും ജീവനക്കാരെ ആരെയും അകത്തുകയറ്റില്ല.

തീപിടിത്തത്തിനും അഴിമതിക്കും പിന്നിലുള്ള മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പൊലീസ് രാവിലെ വന്ന് സമരക്കാരുമായി യുദ്ധം പ്രഖ്യാപിക്കുകയാണ്. ഞങ്ങൾ പൊലീസിനോടല്ല യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്, അഴിമതി നടത്തുകയും ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്ന മേയറോടും അധികാരികളോടുമാണ്.

വൈകീട്ട് അഞ്ച് വരെ സമരം ശക്തമായി തുടരും. അഴിമതി അന്വേഷിക്കണമെന്നും മേയർ രാജി വയ്ക്കണമെന്നും ജനങ്ങൾക്ക് ആരോഗ്യപരമായ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് സമരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments