ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി കോട്ടയം ഉഴവൂർ കുറിച്ചിത്താനം ഡോ. തോട്ടം ശിവകരൻ നമ്പൂതിരിയെ (58) തെരഞ്ഞടുത്തു. ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറു മാസത്തേക്കാണ് കാലാവധി. ഇന്നലെ ഉച്ചപൂജയ്ക്കു ശേഷം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. നിലവിലെ മേൽശാന്തിയുടെ അഭാവത്തിൽ ഇന്നലെ ഉച്ചപൂജ നിർവഹിച്ച ഓതിക്കൻ പി.എം. ഭവദാസൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.
കൂടിക്കാഴ്ചയ്ക്കായി ഹാജരായ 33 പേരിൽ യോഗ്യത നേടിയ 28 പേരുടെ പേരുകളിൽ നിന്നാണ് നറുക്കെടുപ്പ് നടത്തിയത്. മാർച്ച് 31ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ശ്രീകോവിലിന്റെ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി ചുമതലയേൽക്കും.30 വർഷമായി ആയുർവേദ ഡോക്ടറായി പ്രവർത്തിച്ചു വരികയാണ് ശിവകരൻ നമ്പൂതിരി. അച്ഛൻ തോട്ടം സുബ്രഹ്മണ്യൻ നന്പൂതിരിയിൽ നിന്നാണ് ആദ്യം പൂജകളും വേദവും പഠിച്ചത്. തുടർന്ന് ആലുവ തന്ത്ര പീഠത്തിൽ പഠിച്ചു. പിന്നീട് കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യനായി.
സാമവേദ പണ്ഡിതനാണ്. വിദേശങ്ങളിലടക്കം ക്ലാസെടുക്കുന്നുണ്ട്. മേൽശാന്തി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബസിൽ കോട്ടയത്തേക്കു പോകുന്നതിനിടെ ഫോണിലാണ് തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയുന്നത്. ഉടൻതന്നെ ഗുരുവായൂരിലേക്കു തിരിച്ചെത്തി ദർശനം നടത്തി. 30 തവണ മേൽശാന്തി തെരഞ്ഞെടുപ്പിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഭാഗ്യം തുണയ്ക്കുന്നത്.