സാൻഫ്രാൻസിസ്കോ • യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഖലിസ്ഥാൻ അനുകൂലികൾ. ലണ്ടനിലെ ഹൈക്കമ്മിഷൻ ഓഫിസിനു മുന്നിലെ ഇന്ത്യൻ പതാക നീക്കിയതിനു പിന്നാലെയാണ് സാൻഫ്രാൻസിസ്കോയിലെ ആക്രമണം. കോൺസുലേറ്റിൽ എത്തിയ ഒരു കൂട്ടം ആളുകൾ ഗ്ലാസ് ഡോറുകളും വാതിലുകളും അടിച്ചു തകർക്കുകയായിരുന്നു. കൂടാതെ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ‘ഫ്രീ അമൃത്പാൽ’ എന്ന് വലുതായി എഴുതുകയും കെട്ടിടത്തിനു മുകളിൽ ഖലിസ്ഥാൻ പതാക പാറിക്കുകയും ചെയ്തു.
ആക്രമണം നടക്കുന്ന സമയത്ത് പശ്ചാത്തലത്തിൽ പഞ്ചാബി സംഗീതം മുഴങ്ങുന്നുണ്ട്. ആക്രമണത്തിന്റെ വിവിധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഖലിസ്ഥാൻ നേതാവ് അമൃത്പാല്‍ സിങ്ങിനായി നടത്തുന്ന തിരച്ചിലില്‍ പ്രതിഷേധിച്ചാണ് വിവിധയിടങ്ങളിൽ ഖലിസ്ഥാൻ അനുകൂലികൾ അക്രമം അഴിച്ചുവിടുന്നത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസിനു മുന്നില്‍ ഇന്ത്യയുടെ ദേശീയപതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയതില്‍ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചിരുന്നു.
സുരക്ഷാവീഴ്ചയില്‍ വിശദീകരണം തേടിയ ഇന്ത്യ, അലംഭാവം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലണ്ടനില്‍ നടന്നത് പ്രതിഷേധാര്‍ഹമാണെന്നും ശക്തമായി അപലപിക്കുന്നതായും ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷന്‍ അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തിരുന്നു.