ന്യൂഡൽഹി∙ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലോക്സഭാ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കു പിന്നാലെ ആദ്യ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അതിനുവേണ്ടി എന്തു വില കൊടുക്കാനും തയാറാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. കോടതി വിധി വന്ന 23നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്.
‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിൽ 2 വർഷം തടവുശിക്ഷയാണ് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രാഹുൽ ഗാന്ധിക്കു വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലായിരുന്നു വിധി. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണു കേസ്. രണ്ടു വർഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധിക്ക് അയോഗ്യത ബാധകമാകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പാണ് രാഹുലിന്റെ വയനാട് എംപി സ്ഥാനം നഷ്ടമാക്കിയത്. രാഹുലിനെ പിന്തുണച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു.