ചെന്നൈ: 72 -കാരിയായ സ്ത്രീയെ ആറുപേർ ചേർന്ന് കെട്ടിയിട്ട് വിവസ്ത്രയാക്കി സ്വർണവും പണവും കവർന്നു. തിങ്കളാഴ്ച ചെന്നൈ അരുമ്പാക്കത്താണ് സംഭവം. വൃദ്ധയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ പ്രതികൾ ദൃശ്യങ്ങൾ പകര്‍ത്തുകയും, പരാതിപ്പെട്ടാൽ സോഷ്യൽ മീഡിയയിൽ വീഡിയോ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.വൃദ്ധയായ ഗംഗ ഉമാ ശങ്കറിന്റെ വീട്ടിൽ വാടകയ്ക്ക് വീട് തേടി വന്നവരെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആറുപേര്‍ എത്തിയത്. പിന്നാലെ അതിക്രമം നടത്തിയ ഇവര്‍, 1.3 ലക്ഷം രൂപയോളം വിലവരുന്ന അഞ്ച് പവനോളം സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവരുകയായിരുന്നു. സംഭവത്തിൽ ബുധനാഴ്ച അരുമ്പാക്കത്തെ പി മണികണ്ഠൻ (38), പല്ലാവരം സ്വദേശി എം മണികണ്ഠൻ (38), നന്മമംഗലം സ്വദേശി പി രമേഷ് (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 30,000 രൂപയും മൂന്ന് മൊബൈൽ ഫോണുകൾ, ഒരു ഇരുചക്ര വാഹനം, വെങ്കല വസ്തുക്കൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളായ ആറ് പേരും ഗംഗയുടെ മകൻ മഹാദേവ പ്രസാദ് നടത്തുന്ന വസ്ത്ര നിര്‍മാണ യൂണിറ്റിൽ ജോലി ചെയ്തവരായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. ജോലിക്ക് വേതനം ലഭിക്കാത്തതിൽ മനംനൊന്താണ് കവര്‍ച്ച നടത്തിയതെന്നുമാണ് പ്രതികൾ നൽകിയ മൊഴി. ഇൻസ്പെക്ടറായി വിരമിച്ച ഭര്‍ത്താവ് ഉമാശങ്കറിന്റെ മരണശേഷം ഗംഗ മകനും മരുമകൾ ജയശ്രിക്കുമൊപ്പമം അറുമ്പാക്കം അംബേദ്കര്‍ സ്ട്രീറ്റിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിച്ചുവരികയായിരുന്നു.തിങ്കളാഴ്ച വൈകുന്നേരം മകനും മകളും വീട്ടിൽ ഇല്ലാത്ത സമയത്ത് ആറംഗ സംഘം വാതിലിൽ മുട്ടി. തുറന്നുനോക്കിയപ്പോൾ പ്രതികളെ കണ്ടു. വാടക വീട് അന്വേഷിച്ചെത്തിയവരാണെന്ന് അവര്‍ പരിചയപ്പെടുത്തി. ഒരാൾ കുടിക്കാൻ വെള്ളം ചോദിച്ചു. മൂന്നുപേര്‍ അകത്തേക്ക് കയറി പിന്നിൽ നിന്ന് കൈകളും വായയും തുണികൊണ്ട് കെട്ടി. കത്തി കാണിച്ച് ഭീഷണപ്പെടുത്തി വസ്ത്രങ്ങൾ അഴിച്ചുമാറ്റി വീഡിയോ എടുത്തു. വീട്ടിലുള്ള വിലപിടിപ്പുള്ള സാധനങ്ങളും സ്വര്‍ണവും മോഷ്ടിച്ച് മടങ്ങിയെന്നും പ്രതികൾ കുറ്റസമ്മതം നടത്തിയാതായി റിപ്പോര്‍ട്ട് ചെയ്തു.