തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പത്തനംത്തിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
കേരള തീരത്ത് 25 രാത്രി 11.30 വരെ ഒരു മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതിനിടെ, തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും ശക്തമായ കാറ്റും. തൃശൂർ കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് കനത്ത മഴയും ശക്തമായ കാറ്റും വീശിയത്. മേഖലയിൽ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. തെങ്ങും മരങ്ങളും കടപുഴകി വീണ് കാര്യമായ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. പലമേഖലകളിലും വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്