ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ സി.പി.എം വനിത നേതാക്കൾക്കെതിരായ വിവാദ പരാമർശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമനാണ് പരാതി നൽകിയത്. അടിയന്തരമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി വേണമെന്ന് ആവശ്യം. ജി 20ക്ക് ഇന്ത്യ അധ്യക്ഷത വഹിക്കുമ്പോൾ രാജ്യത്തിെൻറ പ്രതിച്ഛായ മോശമാക്കുന്ന പരാമർശമെന്നും വിമർശനം.
അരുണ റോയി, ആനിരാജ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.‘സ്ത്രീശാക്തീകരണത്തിെൻറ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിത നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു പരാമർശം.ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ഐ.പി.സി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. സി.എസ്. സുജാത നൽകിയ പരാതിയിലാണ് പൊലീസ് നടപടി. തൃശ്ശൂരിൽ സ്ത്രീ ശക്തി സംഗമത്തോട് അനുബന്ധിച്ച് കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് വിവാദമായത്. സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു കെ. സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം.