കോഴിക്കോട് : കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സ് വസ്ത്രശാലയിൽ തീപിടിത്തം. രാവിലെ ആറു മണിയോടെയാണു തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏഴ് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നു. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തതിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
പുറത്തുനിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍, കടയ്ക്കകത്ത് തീ ആളി കത്തുകയാണ്. കട രാവിലെ തുറക്കുന്നതിനു മുൻപായതിനാൽ ആളപായമില്ല. അകത്ത് ജീവനക്കാരില്ല. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതിനാൽ തീ പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
തീഗോളം താഴേക്കു പതിച്ച് വസ്ത്രശാലയ്ക്കു പുറത്തു നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ അടക്കം കത്തി നശിച്ചു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണു തീപിടിത്തമുണ്ടായതെന്നാണു വിവരം. തീ കുടുതൽ ഭാഗങ്ങളിലേക്കു പടരുന്നതു തടയാൻ അഗ്നിരക്ഷാസേന ശ്രമിക്കുന്നു.