രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ളവരുടെ സഹായം ഇതിന് ലഭിക്കുന്നുണ്ട്. പണം കൊടുത്ത് ആളുകളെ ഇതിനായി ഏർപ്പെടുത്തുന്നു.
മുൻ സർക്കാരുകൾക്ക് വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. മുൻ സർക്കാർ ഒരു കുടുംബത്തിന് മാത്രം പ്രഥമപരിഗണന നൽകിയെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ബിഹാറിലെ പട്‌ന പ്രത്യേക കോടതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. നേതാവും രാജ്യസഭാ എംപിയുമായ സുശീല്‍ കുമാര്‍ മോദിയുടെ പരാതിയില്‍ ഏപ്രില്‍ 12-ന് ഹാജാരാകാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2019-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലുള്ള പരാമര്‍ശത്തില്‍ തന്നെയാണ് സുശീല്‍ കുമാര്‍ മോദിയും പരാതി നല്‍കിയിരിക്കുന്നത്. ഈ പരാമര്‍ശത്തിന്റെ പേരിലാണ് സൂറത്ത് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
കര്‍ണാടകത്തിലെ കോലാറില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരില്‍ മോദിയുള്ളത്…? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാര്‍ പുറത്തുവരും’ എന്നായിരുന്നു 2019 ഏപ്രില്‍ 13-ന്റെ പ്രസംഗത്തിലെ വിവാദപരാമര്‍ശം. ബി.ജെ.പി.യുടെ സൂറത്ത് വെസ്റ്റ് എം.എല്‍.എ. പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് സൂറത്ത് സി.ജെ.എം. കോടതി കേസെടുത്തതും രണ്ടു വര്‍ഷത്തെ ശിക്ഷ വിധിച്ചതും.
ഈ ശിക്ഷാ വിധിയെ തുടര്‍ന്നാണ് രാഹുലിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.സൂറത്ത് കോടതി വിധിക്ക് പിന്നാലെയാണ് സുശീല്‍ കുമാര്‍ മോദി ബിഹാറില്‍ കേസ് നല്‍കിയത്. അതേസമയം രാഹുലിനെതിരെ ലണ്ടനില്‍ പരാതി നല്‍കുമെന്ന് ലളിത് മോദിയും പറഞ്ഞിരുന്നു.