തിരുവനന്തപുരം: ഇന്ധനവില വർധനയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വീണ്ടും. അവശജനങ്ങൾക്കുള്ള സഹായത്തിനുള്ള ഫണ്ടിലേക്കാണ് സെസ് തുക പോകുന്നത്. സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണ്. ഇടതുപക്ഷത്തിന്റെ വിശാല കാഴ്ചപ്പാടാണിതെന്നും ജയരാജൻ പറഞ്ഞു.62 ലക്ഷം പേർക്ക് 1600 രൂപ വീതം നൽകുന്ന ഫണ്ടിലേക്കാണ് സെസ് തുക പോകുന്നത്. ഈ 1600 രൂപയാണ് വിവിധ മേഖലകളിലേക്ക് എത്തുന്നത്. കോൺഗ്രസിന് രാജ്യത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും അറിയില്ല. അവർ സ്വർഗത്തിലാണ് ജീവിക്കുന്നത്. രണ്ട് രൂപയ്ക്ക് വേണ്ടി കടിപിടി കൂടുന്നവർ കേന്ദ്രത്തെ കുറിച്ച് മിണ്ടുന്നില്ലെന്നും ജയരാജൻ പറഞ്ഞു.
അതേസമയം, സംസ്ഥാന ബജറ്റിലെ സെസ് പ്രഖ്യാപനം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് ഇന്ന് മുതൽ 2 രൂപ അധികം നൽകണം. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് പ്രകാരം സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.5 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 96.53 രൂപയും ആയി വര്‍ധിക്കും.
നിലവിൽ ഒരു ലിറ്റര്‍ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയും ആണ് നല്‍കുന്നത്. അതേസമയം, മറ്റു സംസ്ഥാനങ്ങളിലെ നിരക്കുകൾ മാറ്റമില്ലാതെ തുടരും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ്. ഡീസൽ ഒരു ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടത്തുന്നു.