തിരുവനന്തപുരം : സംസ്ഥാനത്ത് ആയുർവേദ -ഹോമിയോ വകുപ്പുകളിൽ കൂട്ട പിൻവാതിൽ നിയമനമെന്ന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ ആരോപണം തള്ളി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റി ഫിസോറിന്റെ ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും രാഷ്ട്രീയ ലക്ഷ്യംവെച്ചുളള നീക്കമെന്നും വീണാ ജോര്‍ജ് കുറ്റപ്പെടുത്തി.
ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥിരം തസ്തികകളില്‍ നിയമനം നടത്തുന്നത് പിഎസ്സി വഴിയാണ്. ചില തസ്തികളില്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നേരിട്ടും നിയമനം നടത്താറുണ്ട്. സ്ഥിരം തസ്തികകളില്‍ ഒഴിവ് വരുമ്പോള്‍ പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തില്‍ അത്തരം തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി ആളുകളെ നിയമിക്കാറുമുണ്ട്. സര്‍ക്കാരിന്റെ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം ഇതിനായുണ്ടെന്നുമാണ് ആരോഗ്യമന്ത്രി നൽകുന്ന വിശദീകരണം. സിപിഎമ്മുമായി അടുത്ത ബന്ധമുളള ആളുകളെയാണ് തിരുകിക്കയറ്റിയതെന്നും 900 ഓളം പേരെ ഈ രീതിയിൽ നിയമിച്ചെന്നും പി കെ ഫിറോസ് ഇന്ന് ആരോപിച്ചിരുന്നു. മലപ്പുറം എടക്കരയിലെ ഗവ. ആയുർവേദ ആശുപത്രിയിൽ നടത്തിയ നിയമനങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഫിറോസിന്‍റെ വാർത്താ സമ്മേളനം.