തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് പിണറായി വിജയൻ നിർദേശം നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
സിദ്ധാർഥിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളെ പൊലീസ് പിടികൂടിയിരുന്നു. ഒന്നാം വർഷ വിദ്യാർഥിയും പാലക്കാട് സ്വദേശിയുമായ അഖിലിനെയാണ് പാലക്കാട് നിന്ന് അറസ്റ്റിലായത്.
സിദ്ധാർഥിന്‍റെ മരണത്തിൽ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അടക്കം 18 പേർക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്. ഇതിൽ 11 പേർ ഒളിവിലാണ്. റാഗിങ്, ഗൂഢാലോചന, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
കേസിൽ ആറു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ (23), ഇടുക്കി സ്വദേശി അഭിഷേക് എസ് (23), തിരുവനന്തപുരം സ്വദേശി ആകാശ് എസ്.ഡി. (22), തൊടുപുഴ സ്വദേശി ഡോൺസ് ഡായി (23), തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് (20), തിരുവനന്തപുരം സ്വദേശി ശ്രീഹരി ആർ.ഡി (23) എന്നിവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ എല്ലാം എസ്.എഫ്.ഐ പ്രവർത്തകരാണ്.
കഴിഞ്ഞ 18നാണ് രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാർഥനെ കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.
മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്‍റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയർ കൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്നാണ് സിദ്ധാർഥിന്‍റെ മാതാപിതാക്കളുടെ ആരോപണം.