ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണ പരിപാടിയിൽ പങ്കെടുക്കുമെന്ന് കന്നഡ നടൻ കിച്ച സുദീപ്. എന്നാൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കില്ലെന്ന് നടൻ വ്യക്തമാക്കി. രാജ്യവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടി തനിക്ക് ബുദ്ധിമുട്ട് നേരിട്ട കാലങ്ങളിൽ തന്നെ പിന്തുണച്ചിട്ടുണ്ടെന്ന് കിച്ച സുദീപ് മാധ്യമങ്ങളോടായി പറഞ്ഞു.
” പ്രതിസന്ധി നേരിട്ട സമയങ്ങളിൽ ബി.ജെ.പി. എന്നെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോൾ താനവരെ പിന്തുണയ്ക്കും. ബി.ജെ.പിയുടെ പ്രചാരണത്തിന് മാത്രമാണ് പങ്കെടുക്കുക. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഏത് പാർട്ടിയിലായാലും പിന്തുണയ്ക്കും. അദ്ദേഹം നിർദ്ദേശിക്കുന്നവരെ എല്ലാവരെയും.” മുഖ്യമന്ത്രിയെ താൻ ഗോഡ്ഫാദറായാണ് കാണുന്നതെന്ന് കിച്ചാ സുദീപ് പറഞ്ഞു. അതേസമയം, തന്റെ ഉറ്റ സുഹൃത്തായ നിർമാതാവ് ജാക്ക് മഞ്ജുവിന് തിരഞ്ഞെടുപ്പിൽ സീറ്റ് തരപ്പെടുത്തി നൽകിയില്ലെന്നും നടൻ വ്യക്തമാക്കി.
ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നടൻ നൽകിയ മറുപടി ഇങ്ങനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചില തീരുമാനങ്ങളെ പൂർണമായും മാനിക്കുന്നു. എന്നാൽ അതിന് ഇതുമായി ബന്ധമില്ലെന്നും കിച്ചാ സൂദീപ് കൂ്ട്ടിച്ചേർത്തു.
അതേസമയം, തനിക്ക് ഭീഷണിക്കത്ത് ലഭിച്ചുവെന്നാരോപിച്ച് കിച്ചാ സൂദീപ് പോലീസിൽ പരാതി നൽകി. ബി.ജെ.പി, പ്രവേശനത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് കത്ത് ലഭിച്ചത്. ജാക്ക് മഞ്ജുവിനാണ് കിച്ചാ സൂദീപിനെ അഭിസംബനോധന ചെയ്തുകൊണ്ടുള്ള കത്ത് ലഭിച്ചത്. കിച്ചാ സുദീപിന്റെ സ്വകാര്യ വീഡിയോകൾ പുറത്തുവരുമെന്നാണ് കത്തിന്റെ ഉള്ളടക്കം. കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുട്ടനഹള്ളി പോലീസ് കേസെടുത്തിരിക്കുകയാണ്. വളരെ മോശം ഭാഷയാണ് കത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ജാക്ക് മഞ്ജു പറഞ്ഞു. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡിയുടെ ഉത്തരവനുസരിച്ച് കത്ത് സെൻട്രൽ ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
ഭീഷണിക്കത്ത് ലഭിച്ചതായി കിച്ചാ സുദീപ് സ്ഥിരീകരിച്ചു. കത്തയച്ച ആളെ അറിയാമെന്നും സിനിമാ മേഖലയിൽത്തന്നെ ഉള്ളവരാണ് ഇതിന് പിന്നിലെന്നും സുദീപ് പറഞ്ഞു. അവർക്കുള്ള ഉചിതമായ മറുപടി നൽകും. താൻ ഒരു മോശം സമയത്തിലൂടെ കടന്നുപോയപ്പോൾ സഹായിച്ചവർക്കായി പ്രവർത്തിക്കുമെന്നും താരം കൂട്ടിച്ചേർത്തു.