എലത്തൂർ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിൽ എത്തിച്ചു. പ്രതിമായുള്ള വാഹനം കണ്ണൂരിലെത്തി. മേലൂർ മാമാക്കുന്ന് വെച്ച് പ്രതിയെ എത്തിച്ച വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടയാണ് വാഹനം പഞ്ചറായത്. പുലർച്ചയോടെ ഷാറൂഖിനെ കോഴിക്കോടെത്തിക്കാനാണ് പൊലീസ് നീക്കം നടത്തുന്നത്.
ഇന്നുതന്നെ പ്രതിയെ കോഴിക്കോടെത്തിച്ച ശേഷം പ്രതിയ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കും. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കും. തുടർന്നാകും ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് സമർപ്പിക്കുക.
മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. രത്‌നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്തമാകുകയായിരുന്നു. എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് പ്രതി പിടിയിലായെന്ന വിവരം പൊലീസ് അറിയിച്ചത്.