വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റവും റാഗിംഗ് നിരോധന നിയമവും ചുമത്തിയാണ് അറസ്റ്റ്. ആറ് പേരും സിദ്ധാർത്ഥിനെ മർദ്ദിച്ചവരാണെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് എസ്എഫ്ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.
വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാ അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഹപാഠികളുടെ മുമ്പിൽ മൂന്നു മണിക്കൂർ കെട്ടിയിട്ട് താലിബാനികളെ നാണിപ്പിക്കുന്ന രീതിയിലായിരുന്നു എസ്എഫ്ഐ ക്രിമിനലുകളുടെ പ്രവൃത്തിയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. സിപിഎം നേതാക്കളുടെയും സംസ്ഥാന സർക്കാരിന്റെയും തണലിലാണ് എസ്എഫ്ഐയുടെ അഴിഞ്ഞാട്ടമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.