ലണ്ടൻ : ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടത്തിയ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി. ലണ്ടനിൽ നടന്ന പതിനേഴാമത് പൊങ്കാല ഈസ്റ്റ്ഹാം പാർലമെന്‍റ് അംഗം സർ സ്റ്റീഫൻ ടിംസ്, ന്യൂഹാം ബോറോ കൗൺസിൽ അധ്യക്ഷ റോഹിനാ റെഹ്മാൻ, ന്യൂഹാം കൗൺസിൽ മുൻ ചെയർ ലാക്മിനി ഷാ അടക്കമുള്ളവർ പങ്കെടുത്തു.
ബ്രിട്ടിഷ് ഏഷ്യൻ വുമൻസ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് കാലങ്ങളായി നേതൃത്വം നൽകുന്നത്. രാവിലെ ഒമ്പതരക്ക് ശ്രീ മുരുകൻ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിച്ച പൊങ്കാലയ്ക്ക് സ്ഥലപരിമിതിയും, സുരക്ഷയും കണക്കിലെടുത്ത് പഞ്ച നൈവേദ്യങ്ങൾ ഒറ്റ പാത്രത്തിലാണ് പാകം ചെയ്തത്. നൈവേദ്യം തയ്യാറായ ശേഷം ഭക്ത ജനങ്ങൾക്ക് വിളമ്പി നൽകി. സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.
സ്റ്റീഫൻ ടിംസ് എംപി, മേയർ രോഹിന, കൗൺസിലർ ഷാ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡോ. ഓമന ഗംഗാധരൻ നന്ദി പ്രകാശിപ്പിച്ചു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടിഷ് ഏഷ്യൻ വുമൻസ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് കാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദി എന്ന നിലയിൽ ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.