പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ പിന്തുടർന്ന് ട്വിറ്റർ മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് . മസ്ക് പിന്തുടരുന്നവരുടെ അക്കൗണ്ടുകൾ വ്യക്തമാക്കി കൊണ്ടുള്ള സ്ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമത്തിൽ സജീവമായിരുന്നു. 194 പേരെയാണ് മസ്ക് ഫോളോ ചെയ്യുന്നത്. ഇതിൽ മോദിയുമുണ്ട്.അതേസമയം മസ്കിന്റെ ‘ഫോളോയിങ്’ മറ്റു പല ചർച്ചകൾക്കും വഴിവെച്ചിരിക്കയാണ്. മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇലക്ട്രോണിക് ആഡംബര കാർ നിർമ്മാണ കമ്പനിയായ ടെസ്ല ഇന്ത്യയിലേക്ക് വരുന്നുവോ എന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.
മസ്ക് പിന്തുടരുന്ന നാലാമത്തെ ലോക നേതാവാണ് മോദി. യു.കെ പ്രധാനമന്ത്രി ഋഷി സുനക്, യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ എന്നിവരാണ് മറ്റു നേതാക്കൾ. 134.3മില്ല്യൺ പേരാണ് മസ്കിനെ ട്വിറ്ററിൽ പിന്തുടരുന്നത്. ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ട്വിറ്റർ അക്കൗണ്ടിൽ ഒന്നാമതാണ് മസ്ക്. എട്ടാം സ്ഥാനത്താണ് മോദി. 87.5 മില്ല്യൺ ആണ് മോദിയുടെ ഫോളോവേഴ്സ്.