തിരുവനന്തപുരം : ഈസ്റ്റർ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റഴിച്ചത് 87 കോടി രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം. വിൽപ്പനയിൽ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ചാലക്കുടി ഷോപ്പിൽ നിന്ന് 65.95 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നത്. നെടുമ്പാശേരിയിൽ നിന്ന് 59.12 ലക്ഷത്തിന്റെ വിൽപ്പനയും, ഇരിങ്ങാലക്കുടയിൽ 58.28 ലക്ഷത്തിന്റെ വിൽപ്പനയും, തിരുവമ്പാടിയിൽ 57.30 ലക്ഷത്തിന്റെ വിൽപ്പനയും, കോതമംഗലത്ത് 56.68 ലക്ഷത്തിന്റെ വിൽപ്പനയുമാണ് നടന്നത്.
കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 73,72 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 13.28 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സാധാരണ ദിനങ്ങളിൽ സംസ്ഥാനത്ത് മദ്യ വിൽപ്പനയിലൂടെ 50 കോടി മുതൽ 55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്. മദ്യത്തിന് അധിക സെസ് ഏർപ്പെടുത്തിയതും വരുമാനം ഉയരാൻ കാരണമായി.