തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമല്ലെന്ന് മെട്രോ റെയിൽ കോർപറേഷൻ മുൻ എംഡി ഇ ശ്രീധരൻ. 160 കിലോമീറ്റർ വേഗതയിൽ പോകാൻ ശേഷിയുള്ളതാണ് വന്ദേഭാരത് ട്രെയിനുകൾ. കേരളത്തിൽ നിലവിലുള്ള ട്രാക്കുകൾ വെച്ച് ശരാശരി 90 കിലോമീറ്റർ വേഗതയേ വന്ദേഭാരതിന് ലഭിക്കുകയുള്ളൂവെന്നും ഇത് വിഢിത്തമാണെന്നും ശ്രീധരൻ പറഞ്ഞു. നിലവിൽ ട്രാക്കുകളിൽ പരമാവധി 100 കിലോമീറ്റർ വേഗതയാണ് പറയുന്നത്. എന്നാൽ 90 മാത്രമേ ലഭിക്കുകയുള്ളൂയെന്നും ശ്രീധരൻ പറഞ്ഞു.
അതേസമയം വന്ദേഭാരത് എക്‌സ്പ്രസുകൾ പരമാവധി വേഗത്തിലോടാൻ സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗത്തിൽ പൂർത്തിയാക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെയിൽവേ ട്രാക്ക് ബലപ്പെടുത്തുന്നതും നിവർത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇതിനുപുറമെ എറണാകുളം-ഷൊർണ്ണൂർ റൂട്ടിൽ മൂന്നാംവരി പാതയുടെ സർവേയും തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയും പിന്നീട് 130 ആയി ഉയർത്താനുമാണ് ലക്ഷ്യമിടുന്നത്.
വന്ദേഭാരതിന്റെ വേഗതയ്ക്ക് പ്രധാന തടസ്സം ട്രാക്കിന്റെ വളവും തിരിവുമാണ്. ചെറിയ വളവുകൾ നിവർത്തുന്ന പ്രക്രിയയാണ് നിലവിൽ നടക്കുന്നത്. റെയിൽവേ പാളത്തോടു ചേർന്നു കിടക്കുന്ന മെറ്റൽ ഉറപ്പിക്കാനും ഉയരം കൂട്ടാനുമുള്ള പണികളും നടക്കുന്നുണ്ട്. കൂടാതെ ഉയർന്ന ശേഷിയുള്ള സ്ഥിരം സ്പീഡ് നിയന്ത്രണമുള്ള സ്ഥലങ്ങളിൽ അതിന്റെ കാരണങ്ങളും പരിഹരിക്കാനുള്ള മാർഗങ്ങളും സംബന്ധിച്ച് പഠനം ആരംഭിച്ചിട്ടുണ്ട്. വന്ദേഭാരത് പ്രാബല്യത്തിൽ വരുന്നതോടെ മറ്റ് ദീർഘ ദൂര ട്രെയിനുകളുടെ വേഗതയും കൂടും. തിരുവനന്തപുരം, കായംകുളം, ഷൊർണൂർ, എറണാകുളം സെക്ഷനുകളിൽ 110 കിലോമീറ്റർ വേഗത കൈവരിക്കാനാണ് ശ്രമിക്കുന്നത്. ഭാവിയിൽ ഇത് 130 കിലോമീറ്റർ വേഗതയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഷൊർണൂർ- മംഗലാപുരം സെക്ഷനിൽ മാത്രമാണ് 110 കിലോമീറ്റർ വേഗം സാധ്യമാകുന്നത്. ഷൊർണൂർ റൂട്ടിൽ 110 കിലോമീറ്റർ വേഗതയിൽ മൂന്നാംവരി പാതയാണ് ആലോചിക്കുന്നത്.
ഏപ്രിൽ 14നാണ് വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലെത്തിയത്. 22ന് ട്രെയൽ റൺ നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്പ്രസിനുണ്ടാവുക. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര 25ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ലാഗ്ഓഫ് ചെയ്തേക്കും.