ലൈഫ്മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. സ്വപ്‌നാ സുരേഷാണ് കേസിലെ രണ്ടാംപ്രതി. കേസില്‍ ആകെ 11 പ്രതികളാണുള്ളത്.
ലൈഫ്മിഷന്‍ കോഴക്കേസില്‍ ഇ ഡി കേസന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ എം ശിവശങ്കര്‍ കേസിലെ ഒന്‍പതാം പ്രതിയായിരുന്നു. അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് ശിവശങ്കറിന്റെ പേര് കുറ്റപത്രത്തില്‍ ആദ്യമെത്തുന്നത്. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ കേസിലെ ഏഴാം പ്രതിയാണ്.
ലൈഫ്മിഷന്‍ കോഴ ഇടപാടിന് പിന്നില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍ മൈന്‍ഡ് എം ശിവശങ്കറിന്റേതാണെന്നാണ് അന്വേഷണത്തിലൂടെ ഇ ഡി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ പ്രതി ചേര്‍ത്ത വിദേശ പൗരന്‍ ഖാലിദിനായി വാറണ്ട് പുറപ്പെടുവിക്കണമെന്ന് ഇ ഡി ആവശ്യപ്പെടുന്നു. സ്വപ്‌ന സുരേഷ് കേസിലെ രണ്ടാംപ്രതിയാണെങ്കിലും ഇനി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇ ഡി കടക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.