അഹമ്മദാബാദ്: മുൻ ഗുജറാത്ത് മന്ത്രിയും ബി.ജെ.പി നേതാവുമായ മായ കോട്നാനി ഉൾപ്പടെയുള്ള 68 പ്രതികളെ നരോദ ഗാം കൂട്ടക്കൊല കേസിൽ കോടതി വെറുതെ വിട്ടു. 2002 ഗുജറാത്ത് കലാപത്തിനിടെയാണ് നരോദ ഗാമിൽ കൂട്ടക്കൊല നടന്നത്. ബജ്രംഗ് ദൾ നേതാവ് ബാബു ബജ്രംഗിയേയും വെറുതെ വിട്ടിട്ടുണ്ട്.
അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്. നരോദ ഗാമിൽ 11 മുസ്‍ലിംകളെ കൊല്ലുകയും അവരുടെ വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തുവെന്നാണ് കേസ്. നരേന്ദ്ര മോദി മന്ത്രിസഭയിൽ മന്ത്രിയായിരുന്നു മായ കോട്നാനി. കേസിൽ 86 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 18 പേർ വിചാരണക്കിടെ മരിച്ചിരുന്നു.
2017ൽ മായ കൊട്നാനിക്കായി സാക്ഷി പറയാൻ നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയിരുന്നു. കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ടുവെന്നും വിധിപകർപ്പിനായി കാത്തിരിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.