ശ്രീനഗർ∙ റിലയൻസ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യംചെയ്യും. ഈ മാസം 28ന് ഡൽഹി സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
കശ്മീർ ഗവർണറായിരിക്കെ 2 പദ്ധതികൾ പാസാക്കാൻ വന്നുവെന്നും അതിലൊന്ന് അംബാനിയുടേതും മറ്റേതു പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ആർഎസ്എസ് നേതാവ് റാംമാധവിന്റേതുമാണെന്നാണ് സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയത്. പദ്ധതികളിൽ കുഴപ്പങ്ങളും അഴിമതി സാധ്യതകളും കണ്ടതോടെ രണ്ടും റദ്ദാക്കാൻ നിർദേശിച്ചു. അവ ഒപ്പിട്ടാൽ 300 കോടി രൂപ കൈക്കൂലി കിട്ടുമെന്നു ചില ഉദ്യോഗസ്ഥർ സൂചിപ്പിച്ചതായും ഗവർണർ പറഞ്ഞിരുന്നു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കിയ റാംമാധവ്, സത്യപാലിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തു.
ഇതുകൂടാതെ, രാജ്യത്തെ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്ചകളും സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയിരുന്നു. സൈനികരെ കൊണ്ടുപോകാൻ വിമാനം നൽകാത്തതും സ്ഫോടകവസ്തു നിറച്ച കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്താത്തതും വീഴ്ചയാണെന്നാണ് മാലിക് പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് മിണ്ടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരിയും ശരിവച്ചിരുന്നു.