ഒരു മാസം നീണ്ട റമസാന്‍ വ്രതത്തിനു പരിസമാപ്തി കുറിച്ച് ആത്മസമര്‍പ്പണത്തിന്‍റെ ഓര്‍മയില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്നു. മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമസാനും ഈദുൽ ഫിത്‌റും മുന്നോട്ടു വയ്ക്കുന്നത്. വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. ഒരു മാസത്തെ അച്ചടക്കമുള്ള ജീവിതം ഇനിയുള്ള ദിവസങ്ങളിലും നിലനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്താണ് ഓരോ വിശ്വാസിയും പെരുന്നാളിലേക്കു കടക്കുന്നത്. മിക്കയിടത്തും ഈദ്ഗാഹുകള്‍ ഉണ്ടാകും. പരസ്പരം ആശ്ലേഷിച്ച്, സ്നേഹം പങ്കിട്ട് ആഘോഷം ഉച്ഛസ്ഥായിലെത്തും. വീടുകളില്‍ നിറയെ പുതുവസ്ത്രത്തിന്‍റെ തിളക്കവും അത്തറിന്‍റെ മണവും. പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും കൈകളില്‍ മൈലാഞ്ചിയില്‍ വിസ്മയങ്ങള്‍ വിരിയും. ഒപ്പം രുചികൂട്ടില്‍ നല്ല ബിരിയാണി കൂടി തയ്യാറായാല്‍ പെരുന്നാള്‍ കെങ്കേമം.