സംസ്ഥാനത്തെ എല്ലാ ആർ.ടി ഓഫീസുകളിൽ നിന്നും ഇനി സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് നൽകും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം വിജയമായതിനെ തുടർന്നാണ് സംസ്ഥാനത്തെ ലൈസൻസുകളും സ്മാർട്ടായി മാറുന്നത്. പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസൻസിനു പകരം എ.ടി.എം കാർഡുപോലെ പഴ്‌സിൽ ഒതുങ്ങുന്ന പുതിയ സ്മാർട്ട് ലൈസൻസ് പരിവാഹൻ വെബ്സൈറ്റ് വഴി സ്വന്തമാക്കാവുന്നതാണ്.
പരിവാഹൻ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിച്ച് തപാൽ ചാർജിനൊപ്പം 200 രൂപ നൽകുന്നത് വഴി ഈ നടപടി പൂർത്തിയാക്കാവുന്നതാണ്. ഒരു വർഷം വരെ മാത്രമാണ് ഫീസിനത്തിൽ ഇത്രയും ഇളവ് ലഭിക്കുക. സമയപരിധി കഴിഞ്ഞാൽ 1300 രൂപ ഫീസായി നൽകേണ്ടി വരും.
ഏഴിലധികം സുരക്ഷാ ഫീച്ചറുകൾ അടങ്ങുന്നതാണ് പുതിയ സ്മാർട്ട് ലൈസൻസ് കാർഡുകൾ. സീരിയൽ നമ്പർ, യു വി എംബ്ളം, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ ആർ കോഡ് എന്നീ സംവിധാനങ്ങൾ കാർഡിലുണ്ട്. പി.വി.സി പെറ്റ് ജി കാർഡിൽ മൈക്രോചിപ് ഒഴിവാക്കിയിട്ടുണ്ട്. ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാർഡുകളാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്.ചിപ് കാർഡുകളിൽ ചിപ് റീഡർ ഉപയോഗിച്ച് കാർഡിലെ വിവരങ്ങൾ ശേഖരിക്കാനാകും. എന്നാൽ, സാങ്കേതികതകരാർ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ് കാർഡ് ഒഴിവാക്കിയിട്ടുണ്ട്. ഇതേതുടർന്ന് സംസ്ഥാന ഗതാഗതവകുപ്പും മൈക്രോ ചിപ് ഉപേക്ഷിച്ചു.കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിർദ്ദേശിക്കുന്ന മാനദണ്ഡ പ്രകാരമാണ് ലൈസൻസ് തയ്യാറാക്കിയിട്ടുള്ളത്. ഇതേ മാതൃകയിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതും പരിഗണനയിലുണ്ട്.