ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്റസ തകർത്തത് കോടതി ഉത്തരവില്ലാതെ. പ്രദേശവാസികൾ നമസ്കാരത്തിനുകൂടി ഉപയോഗിച്ചിരുന്ന കെട്ടിടം തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോടതി നിർദ്ദേശപ്രകാരമാണ് മദ്റസ പൊളിക്കാൻ അനുമതി നൽകിയതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അവകാശപ്പെട്ടിരുന്നു.
നൈനിറ്റാൾ ജില്ലാ മജിസ്‌ട്രേറ്റും ഇതേ വാദം ഉന്നയിച്ചിരുന്നു. മാധ്യമങ്ങളും ഇതു തന്നെയാണ് പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. എന്നാൽ ജസ്റ്റിസ് പങ്കജ് പുരോഹിത് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പിൽ അദ്ദേഹത്തിന്റെ ബെഞ്ച് വിഷയം ഫെബ്രുവരി 14 ലേക്ക് പരിഗണിക്കാൻ മാറ്റിവെച്ചു എന്നാണ്. അടുത്ത ഹിയറിങ്ങിന് കാത്തു നിൽക്കാതെ കോർപ്പറേഷൻ പൊളിക്കൽ നടപടിയുമായി മുന്നോട്ടു പോവുകയായിരുന്നു. ജനുവരി 30ന് പള്ളിയും മദ്റസയും പൊളിക്കുന്നതിന് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നതായി മുനിസിപ്പൽ കമ്മീഷണർ പങ്കജ് ഉപാധ്യായ ഉപാധ്യായ പറഞ്ഞു.
എന്നാൽ കോടതിയിൽ നിന്ന് സ്‌റ്റേ ലഭിച്ചിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നും ഉപാധ്യായ പറഞ്ഞു. അവർക്ക് സ്റ്റേ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സ്ഥലമുടമയായ മാലിക്കിന്റെ അഭിഭാഷകൻ അഹ്രാർ ബെയ്ഗ് ഈ വാദത്തെ വെല്ലുവിളിക്കുകയും കോർപ്പറേഷൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ആരോപിക്കുകയും ചെയ്തു. തങ്ങൾക്ക് നോട്ടീസ് നൽകുകയോ കേസ് അവതരിപ്പിക്കാൻ സമയം നൽകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.