തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന ബിജെപി എംപി മനേകാ ഗാന്ധിയുടെ പ്രസ്താവന അപകീര്‍ത്തികരമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രരന്‍. പരാമർശത്തിൽ കേരള വനംവകുപ്പ് മന്ത്രി മനേകാ ഗാന്ധിക്ക് കത്തയച്ചു. വന്യമൃഗങ്ങളുടെ സംരക്ഷണത്തില്‍ കേരളം മുന്നിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. കരടി കിണറ്റില്‍ വീണ് ചത്ത സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി കത്തില്‍ പരാമര്‍ശിച്ചു. വന്യജീവികളോട് ക്രൂരത എന്നതാണ് കേരളത്തിന്റെ നയമെന്നായിരുന്നു മനേകാ ഗാന്ധിയുടെ വിമർശനം.
തിരുവനന്തപുരം വെള്ളനാട് വീട്ടിലെ കിണറ്റില്‍ വീണ കരടി മുങ്ങി ചത്ത സംഭവത്തില്‍ വനംവകുപ്പിനെ വിമര്‍ശിച്ചുക്കൊണ്ടായിരുന്നു മനേകാ ഗാന്ധി രംഗത്തെത്തിയത്. മൃഗങ്ങളോടുള്ള സമീപനത്തില്‍ കേരളം ഇന്ത്യയെ നാണം ക്ടെുത്തുകയാണ്. കരടി കിണറ്റില്‍ വീണ സംഭവത്തില്‍ മയക്കുവെടിവെച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മനേകാ ഗാന്ധി പ്രതികരിച്ചിരുന്നു.അതേസമയം കരടി ചത്ത സംഭവത്തില്‍ വനംവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കണ്ടെത്തിയിരുന്നു. നേരത്തെ പോസ്റ്റുമോര്‍ട്ടം വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രാഥമിക റിപ്പോര്‍ട്ട് വനം മന്ത്രിക്ക് നല്‍കിയിരുന്നു. മയക്കുവെടി വെക്കാതെ കരടിയെ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിഎഫ്ഒയ്ക്കും വൈല്‍ഡ് ലൈഫ് വാര്‍ഡനും മെമ്മോ നല്‍കുന്നതില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവാനുള്ള സാധ്യതയില്ല.