പൂനെ: എ ആർ റഹ്മാന്‍റെ സംഗീത നിശ ഇടയ്ക്ക് വച്ച് നിർത്തിച്ച് പൂനെ പൊലീസ്. പൂനെ രാജാ ബഹദൂർ മിൽ റോഡിലെ ദി മിൽസിൽ ഫീഡിംഗ് സ്‌മൈൽസും 2 ബിഎച്ച്‌കെയും സംഘടിപ്പിച്ച സംഗീത നിശയാണ് സമയപരിധി ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്. രാത്രി പത്തുമണിവരെ ആയിരുന്നു സമയപരിധി.
എആര്‍ റഹ്മാന്‍ ഒരു ഗാനം ആലപിക്കുന്ന സമയത്ത് തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേജിൽ കയറി തന്റെ വാച്ച് കാണിച്ച് രാത്രി 10 മണിക്കുള്ള സമയപരിധി ചൂണ്ടിക്കാണിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടതിനെ തുടർന്ന് പരിപാടി ഉടൻ അവസാനിപ്പിച്ചെന്നാണ് വിവരം.സുപ്രീം കോടതിയുടെ ഉത്തരവിന് അനുസൃതമായി രാത്രി 10 മണിക്ക് ശേഷം സംഗീത പരിപാടി അനുവദിക്കില്ലെന്ന് പൂനെ സിറ്റി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘രാത്രി 10 മണി കഴിഞ്ഞ് കുറച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ഷോ അവസാനിപ്പിച്ച് നിയമം പാലിക്കാൻ പരിപാടിയുടെ സംഘാടകരെ പൊലീസ് ഓർമ്മിപ്പിച്ചു. സംഘാടകർ പൊലീസുമായി സഹകരിച്ച് പരിപാടി അവസാനിപ്പിച്ചു’, പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.