മുംബൈ: മുതിർന്ന നേതാവ് ശരത് പവാർ എൻ.സി.പി അധ്യക്ഷനായി തുടരും. വെള്ളിയാഴ്ച ശരത് പവാർ രാജി പിൻവലിച്ചു. പാർട്ടി പ്രവർത്തകരുടെ വികാരങ്ങളെ ബഹുമാനിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന് പവാർ പറഞ്ഞു.നിങ്ങളുടെ സ്നേഹം ഞാൻ മനസിലാക്കുന്നു. രാജി പിൻവലിക്കണമെന്ന നിങ്ങളുടെ ആവശ്യത്തെ ബഹുമാനിക്കുന്നു. മുതിർന്ന നേതാക്കൾ പാസാക്കിയ പ്രമേയം മാനിച്ച് രാജി തീരുമാനം പിൻവലിക്കുകയാണെന്ന് ശരത് പവാർ പറഞ്ഞു. നേരത്തെ രാജി തീരുമാനം പുനഃപരിശോധിക്കാൻ തനിക്ക് രണ്ട് ദിവസം നൽകണമെന്ന് പവാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രാജി പിൻവലിക്കണമെന്ന് എൻ.സി.പിയിലെ മുതിർന്ന നേതാക്കൾ പവാറിനോട് ആവശ്യപ്പെട്ടിരുന്നു.
മുംബൈയിൽ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് അപ്രതീക്ഷിതമായി ശരത് പവാർ രാജിപ്രഖ്യാപനം നടത്തിയത്. എന്നാൽ, സജീവ രാഷ്ട്രീയം വിടില്ലെന്നും പൊതുപരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കുന്നത് തുടരുമെന്നും പവാർ പറഞ്ഞു. പുതിയ അധ്യക്ഷനെ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ് തുടങ്ങിയ മുതിർന്ന നേതാക്കളടങ്ങിയ സമിതി തീരുമാനിക്കും. താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് ഒന്നിനാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. രാജ്യസഭയിൽ മൂന്ന് വർഷത്തെ കാലാവധിയുണ്ടെന്നും ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പവാർ പറഞ്ഞിരുന്നു.