കോഴിക്കോട്∙ അരിക്കൊമ്പൻ വിഷയത്തിൽ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചതായി ആരോപണം. മാർച്ച് 21ന് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ് ‘മനുഷ്യ – കാട്ടാന സംഘർഷം’ നേരിടുന്നതിനുള്ള മാർഗനിർദേശങ്ങളടങ്ങിയ മാർഗരേഖ പുറത്തിറക്കിയിരുന്നു. ഇൻഡോ-ജർമൻ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി വിവിധ വർഗങ്ങളിൽപെട്ട പത്തു വന്യജീവി വിഭാഗങ്ങളുമായുള്ള സംഘർഷം നേരിടുന്നതിനുള്ള മാർഗനിർദേശങ്ങളും നാലു പൊതു മാർഗനിർദേശങ്ങളും ഉൾപ്പെടെ പതിനാലു മാർഗ നിർദേശങ്ങളടങ്ങിയ പുസ്തകങ്ങളാണ് പുറത്തിറക്കിയത്.
ഇതിലെ പ്രധാനപ്പെട്ട രണ്ട് നിർദേശങ്ങളാണ് അരിക്കൊമ്പൻ വിഷയത്തിൽ ലംഘിക്കപ്പെട്ടതെന്ന് കേരള ഇൻഡിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ആരോപിച്ചു. കേന്ദ്ര മാർഗനിർദേശത്തിലെ രണ്ടു പ്രധാന നിർദേശങ്ങളാണ് ലംഘിക്കപ്പെട്ടതെന്നാണ് ആരോപണം. പിടികൂടുന്ന ആന ഏതെങ്കിലും മനുഷ്യരെ കൊന്നിട്ടുണ്ടെങ്കിൽ അവയെ വീണ്ടും തുറന്നു വിടരുതെന്നതാണ് ലംഘിക്കപ്പെട്ട ഒരു നിർദേശം. ഇവയെ പ്രത്യേക കൂടൊരുക്കി സംരക്ഷിക്കണം.
ആനകൾ കൂടുതലായി കാണപ്പെടുന്ന സംസ്ഥാനങ്ങളിലെല്ലാം പിടികൂടുന്ന അപകടകാരികളായ ആനകളെ താമസിപ്പിക്കാനുള്ള ഒരു സങ്കേതമെങ്കിലും ഉണ്ടാവണമെന്നും നിർദേശമുണ്ട്. പിടികൂടുന്ന ആനയെ അവ ഒരിക്കലും പിടികൂടപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്താത്ത വിധം കുറഞ്ഞത് 200 മുതൽ 300 കിലോമീറ്റർ ദൂരത്തിൽ വിട്ടയക്കണമെന്നതാണ് ലംഘിക്കപ്പെട്ട രണ്ടാമത്തെ നിർദേശം. ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളെ വിറപ്പിച്ചിരുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കാൻ ഫെബ്രുവരി 23നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. എന്നാൽ അരിക്കൊമ്പനെ പിടികൂടുന്നതു മാർച്ച് 29 വരെ വിലക്കിക്കൊണ്ട് മാർച്ച് 23ന് ഹൈക്കോടതി ഉത്തരവിറക്കി. ഹൈക്കോടതി സ്റ്റേ ഉത്തരവിറക്കുന്നതിനു രണ്ടു ദിവസം മുൻപാണ് കേന്ദ്രം മാർഗനിർദേശം പുറത്തിറങ്ങിയത്.
എന്നാൽ മാർഗനിർദേശം പുറത്തുവന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ വനംവകുപ്പോ വനംവകുപ്പിന്റെ അഭിഭാഷകനോ തയാറായില്ലെന്നും കിഫ ആരോപിക്കുന്നു. ചിന്നക്കനാൽ മേഖലയിൽ അരിക്കൊമ്പൻ തിരിച്ചെത്തുമെന്ന ആശങ്ക നിൽനിൽക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ, വ്യക്തമായ കേന്ദ്ര മാർഗനിർദേശം മുൻപിലുണ്ടായിട്ടും അതു പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് കിഫ ഭാരവാഹികൾ പറയുന്നു.