കൊൽക്കത്ത: വിവാദ ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറി ബംഗാളിൽ പ്രദർശിപ്പിക്കില്ല. സംസ്ഥാനത്ത് കേരള സ്റ്റോറിയുടെ പ്രദർശനം വിലക്കിയതായി ബംഗാൾ സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനർജി തന്നെയാണ് തീരുമാനം അറിയിച്ചത്. കേരള സ്റ്റോറി പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സി പി എമ്മിനെയും കേരള സർക്കാരിനെയും വിമർശിക്കുകയും ചെയ്തു. ബി ജെ പിയെ വിമർശിക്കേണ്ട സി പി എമ്മും കേരള സർക്കാരും അവർക്കൊപ്പം പ്രവർത്തിക്കുകയാണ് എന്നാണ് ബംഗാൾ മുഖ്യമന്ത്രിയുടെ വിമർശനം. കശ്മീർ ഫയൽസ് പോലെ ബംഗാളിനെ കുറിച്ചും സിനിമയ്ക്ക് ഒരുങ്ങുന്നു എന്നും മമതാ ബാനർജി പറഞ്ഞു.
അതേസമയം നേരത്തെ തമിഴ്നാട്ടിൽ ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനവും നിലച്ചിരുന്നു. സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ക്ക് പിന്നാലെ തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകള്‍ കൂടി പ്രദർശനത്തിനെതിരെ തീരുമാനം എടുത്തതോടെയാണ് ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം സംസ്ഥാനത്ത് നിലച്ചത്. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷൻ കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കിയത്. ക്രമസാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് തീരുമാനത്തില്‍ എത്തിയതെന്ന് അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചിരുന്നു.അതിനിടെ കർണാടകയിൽ ബി ജെ പിയുടെ പ്രത്യേക സ്ക്രീനിംഗിൽ സിനിമ കണ്ട ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കേരള സ്റ്റോറിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബോംബുകളോ വെടിക്കോപ്പുകളോ ഉപയോഗിക്കാതെയുള്ള പുതിയ തരം വിഷലിപ്ത തീവ്രവാദത്തെക്കുറിച്ചാണ് സിനിമ വെളിവാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.”വെടിയൊച്ചകൾ, സ്ഫോടനങ്ങൾ, വിവിധതരം ആയുധങ്ങളുപയോഗിച്ചുള്ള ആക്രമണം എന്നിവയെക്കുറിച്ചൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാലിത് അതിലൊക്കെ അപകടകരമായ തീവ്രവാദമാണ്. ഇതിൽ വെടിയൊച്ചകളോ ബോംബോ വെടിക്കോപ്പുകളോ ഒന്നുമില്ല. ഈ വിഷലിപ്തമായ തീവ്രവാദത്തെയാണ് സിനിമ അനാവരണം ചെയ്യുന്നത്”. നദ്ദ പറഞ്ഞു.കഴിഞ്ഞ മാസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതുമുതൽ വൻ വിവാദത്തിനാണ് വഴിയൊരുങ്ങിയത്. മെയ് 5നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’ നിര്‍മിച്ചിരിക്കുന്നത് വിപുല്‍ ഷായാണ്. അദാ ശര്‍മ നായികയാകുന്ന ചിത്രത്തില്‍ യോഗിത ബിഹ്ലാനി, സോണിയ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയിട്ടുള്ളത്.