കർണാടകയിൽ ജയിച്ചാലും തോറ്റാലും ബിജെപിക്ക് ഭരണം ഉറപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.എംഎൽഎമാരെ പണം കൊടുത്ത് വാങ്ങുകയാണ് ബിജെപി. കോൺഗ്രസ് ജയിച്ചാലും തോറ്റാലും അവരുടെ എംഎൽഎമാരെ ബിജെപി ലേലം വിളിച്ച് വാങ്ങിക്കും. നേർവര വ്യത്യാസമില്ലാത്തതു കൊണ്ടാണ് എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാൻ കഴിയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
എപ്പോൾ തോന്നുന്നുവോ ആ സമയത്ത് ബിജെപിയിൽ പോകുമെന്ന് പറഞ്ഞയാളാണ് കേരളത്തിലെ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.സംസ്ഥാനത്ത് കോൺഗ്രസ് എന്നു പറഞ്ഞ് ജയിക്കാൻ കഴിയുന്ന എത്ര മണ്ഡലമുണ്ട് കോൺഗ്രസിന് ?. ലീഗ് പിന്തുണയില്ലെങ്കിൽ വയനാട് രാഹുൽ ഗാന്ധി പോലും ജയിക്കുമോയെന്നും അദ്ദേഹം പരിഹസിച്ചു.
കര്‍ണാടകയിൽ വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കർണാടക കോൺഗ്രസ് അധ്യക്ഷനും കനകപുരയിലെ പാർട്ടി സ്ഥാനാർത്ഥിയുമായ ഡി.കെ ശിവകുമാർ പ്രതികരിച്ചത്. യുവ വോട്ടർമാർക്ക് മാറ്റത്തിനായി വോട്ടുചെയ്യാൻ മികച്ച അവസരമുണ്ടെന്നും പാർട്ടി കുറഞ്ഞത് 141 സീറ്റുകളെങ്കിലും നേടി കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തന്റെ ഭര്‍ത്താവ് വിജയിക്കുമെന്നതില്‍ തനിക്ക് 100% ഉറപ്പുണ്ടെന്ന് ഡി.കെ ശിവകുമാറിന്റെ ഭാര്യ എഎന്‍ഐയോട് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ വരും. ‘ദ കേരള സ്‌റ്റോറി’ കര്‍ണാടകത്തില്‍ യാതൊരു സ്വാധീനവും ചെലുത്തില്ല. കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അവര്‍ പറഞ്ഞു.അതേസമയം കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 224 നിയമസഭ മണ്ഡലങ്ങളില്‍ 52,282 പോളിങ്ങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. അഞ്ചേകാല്‍ കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ ഭൂരിഭാഗവും സ്ത്രീ വോട്ടര്‍മാരാണ്.