കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച് വ്യാജവാർത്തകൾ നൽകിയെന്ന് ചൂണ്ടിക്കാട്ടി ഓൺലൈൻ മാധ്യമമായ ‘മറുനാടൻ മലയാളി’ക്കെതിരെ നിയമനടപടിയുമായി മകൻ ചാണ്ടി ഉമ്മൻ. കുടുംബത്തിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും വ്യാജരേഖകൾ പടച്ചുണ്ടാക്കുകയും ചെയ്‌തെന്ന് ആരോപിച്ച് മറുനാടനും മാനേജ്‌മെന്റിനും ചാണ്ടി ഉമ്മൻ മാനനഷ്ടക്കേസിൽ വക്കീൽ നോട്ടിസ് അയച്ചു.
മറുനാടൻ മലയാളിക്കു പുറമെ എഡിറ്റർ ഷാജൻ സ്‌കറിയ, മാനേജിങ് എഡിറ്റർ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ എം. റിജു എന്നിവർക്കാണ് വക്കീൽ നോട്ടിസ്. ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് നിരന്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചു, ചികിത്സ നടന്ന ബംഗളൂരുവിലെ എച്ച്.സി.ജി ആശുപത്രിയിൽനിന്നെന്നു ചൂണ്ടിക്കാട്ടി വ്യാജരേഖ ചമച്ചു, ഭാര്യയും മകൻ ചാണ്ടി ഉമ്മനും മകളും ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വക്കീൽ നോട്ടിസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.