പട്യാല∙ ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ച സ്ത്രീയെ വെടിവച്ച് കൊന്നു. മതവികാരം വ്രണപ്പെടുത്തിയതിന്‍റെ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ദുഖ് നിവാരൺ സാഹിബ് ഗുരുദ്വാരയിലെ ‘സരോവറിന്’ (വിശുദ്ധ കുളം) സമീപത്ത് വച്ച് മദ്യപിച്ച പർവീന്ദർ കൗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഗുരുദ്വാരയിലെ സ്ഥിരം സന്ദർശകനായ നിർമൽജിത് സിങ് സൈനി റിവോൾവർ ഉപയോഗിച്ച് കൗറിന് നേരെ ഒന്നിലധികം തവണ വെടിയുതിർത്തതായി പട്യാല സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) വരുൺ ശർമ്മ പറഞ്ഞു. ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പ്രതിക്ക് ക്രിമിനൽ പശ്ചത്താലം ഒന്നുമില്ല. കച്ചവടക്കാരനായ സൈനി അടുത്തിടെ മൊറിൻഡ ഗുരുദ്വാരയിൽ നടന്നതുൾപ്പെടെയുള്ള സംഭവങ്ങളിൽ അസ്വസ്ഥനായിരുന്നുവെന്നും വരുൺ ശർമ്മ കൂട്ടിച്ചേർത്തു.
ഗുരുദ്വാര മാനേജരുടെ ഓഫിസിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സൈനി വെടിയുതിർത്തത്. തുടർന്ന് പ്രതി പൊലീസിനു മുന്നിൽ ആയുധം വച്ച് കീഴടങ്ങി. അഞ്ച് റൗണ്ട് വെടിയുതിർത്തു. മൂന്ന് എണ്ണം കൗറിന്‍റെ ശരീരത്ത് പതിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ കൗർ മരണത്തിന് കീഴടങ്ങി. അക്രമത്തിൽ പ്രതിക്കും വെടിയേറ്റിതിനെ തുടർന്ന് ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചു. മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ കൗറിനെ മാനേജരുടെ ഓഫിസിലേക്ക് കൂട്ടികൊണ്ടു പോയി. മദ്യാസക്തിയുള്ള വ്യക്തിയായിരുന്നു കൗർ. കൗറിന്‍റെ കൈവശമുണ്ടായിരുന്ന വസ്തുക്കൾ പരിശോധിച്ചപ്പോൾ ഡി അഡിക്ഷൻ സെന്‍ററിൽ നിന്നുള്ള കുറിപ്പടി കണ്ടെടുത്തു. വിഷാദവും കൗറിന് ഉണ്ടായിരുന്നതായി കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.ഗുരുദ്വാര മാനേജരുടെ ഓഫിസിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പുറത്തേക്ക് വരുന്നതിനിടെയാണ് സൈനി കൗറിനെ നേരെ വെടിയുതിർത്തതെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബാംഗങ്ങൾ ആരും ഇതു വരെ മൃതദേഹം ഏറ്റെടുക്കുന്നതിന് വന്നിട്ടില്ല. എവിടെയാണ് കൗർ താമസിച്ചിരുന്നതെന്ന് പൊലീസിന് കണ്ടെത്താനും സാധിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ കൗർ സീക്കറപുരിൽ നിന്നും ബസ് കയറിയാണ് ഗുരുദ്വാരയിലേക്ക് വന്നതെന്ന് പൊലീസ് കണ്ടെത്തി.
‘കൗർ മദ്യപിച്ച് നിലയാണ് വന്നത്. കൈയിൽ മദ്യക്കുപ്പിയും സിഗരറ്റ് പായ്ക്കറ്റുകളുമായി സരോവറിന് സമീപം എത്തി. തുടർന്ന് അവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു. ഗുരുദ്വാരയിലെ ആത്മീയ അന്തരീക്ഷത്തിന് ഭംഗം വരുത്തിയതായി ഏതാനും ചില ഭക്തർ കണ്ടെത്തി. തുടർന്ന് അവരെ ഓഫിസിലേക്ക് കൊണ്ടുവന്നു. കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ അവർ നൽകിയിട്ടില്ല. ആദ്യം മൊഹാലിയിൽ നിന്ന് വന്നതാണെന്ന് പറഞ്ഞു. പിന്നീട് പഞ്ചകുളയാണെന്ന് തിരുത്തി. വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി അവരുമായി പോകുന്ന വേളയിലാണ് അക്രമം നടന്നത്’’ ഗുരുദ്വാര മാനേജർ പറഞ്ഞു.