തൃശൂർ: ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടംമൊബെൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഏലിയാസ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു യുവാവിന്റെ ഫോണും സമാനമായ രീതിയിൽ പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. റെയില്‍വേ കരാര്‍ തൊഴിലാളിയായ ഫാരിസ് റഹ്മാന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ യുവാവിന് പൊള്ളലേറ്റിരുന്നു. ഫാരിസിന്റെ പാന്റിന്റെ പോക്കറ്റില്‍ കിടന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പട്ടിപ്പറമ്പ് കുന്നത്തുവീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീ മരിച്ചതും നടുക്കുന്ന സംഭവമായിരുന്നു. ഷവോമി ഫോണായിരുന്നു തിരുവില്വാമലയിൽ പൊട്ടിത്തെറിച്ചത്. ഡിസ്‌പ്ലെയുടെ വിടവുകളിലൂടെ കുട്ടിയുടെ മുഖത്തേയ്ക്ക് വെടിയുണ്ട കണക്കെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയില്‍ ആദിത്യ ശ്രീയുടെ മുഖവും,ഫോണ്‍ ഉപയോഗിച്ചിരുന്ന കൈ വിരലുകളും തകര്‍ന്നു. അമിത ഉപയോഗത്തെ തുടര്‍ന്ന് ഫോണിന്റെ ബാറ്ററി ചൂടായി രാസവസ്തുക്കള്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. അപകടത്തിൽ ഷവോമി ഇന്ത്യ പ്രതികരിച്ചിരുന്നു. അന്വേഷണത്തില്‍ സഹകരിക്കുമെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.