ന്യൂഡല്‍ഹി: ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദര്‍ശനം നിരോധിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. സിനിമയ്ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) സര്‍ട്ടിഫിക്കറ്റ് ഉള്ളത് കൊണ്ട് സംസ്ഥാന സര്‍ക്കാരിന് ക്രമസമാധാനം ഉറപ്പ് വരുത്താന്‍ ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു. അതേസമയം ചിത്രത്തിന്റെ സിബിഎഫ്‌സി സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വേനല്‍ക്കാല അവധിക്ക് ശേഷം ജൂലൈയില്‍ വാദം കേള്‍ക്കുമെന്നും കോടതി തീരുമാനിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജെ ബി പര്‍ദ്ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിലക്കിന് സ്റ്റേ നല്‍കിയത്. രാജ്യത്തെ മറ്റിടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ ബംഗാളില്‍ മാത്രം എന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചു. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് ഉണ്ടെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി ഇതിനോട് യോജിച്ചില്ല. അതേസമയം ചിത്രത്തില്‍ രണ്ട് ഡിസ്‌ക്ലെയ്മറുകള്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. കേരളത്തിലെ 32,000 സ്ത്രീകളെ സിറിയയിലേക്ക് കൊണ്ടുപോയി മതം മാറ്റിയെന്നതിന് ആധികാരിക രേഖയില്ല. അതുകൊണ്ട് സിനിമ ഫിക്ഷനാണ് എന്ന് ചേര്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ബംഗാളില്‍ ‘ദ കേരള സ്‌റ്റോറി’ നിരോധിച്ചത്. ചിത്രത്തിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുമായി ദ കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനര്‍ജി പറഞ്ഞു. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം മെയ് അഞ്ചിനാണ് റിലീസ് ചെയ്തത്.