സാൻഫ്രാൻസിസ്കോ∙ ട്വിറ്റർ ആസ്ഥാനം ഹോട്ടലാക്കി മാറ്റിയതിന് സിഇഒ ഇലോൺ മസ്കിനെതിരെ അന്വേഷണം. ആറു മുൻ ജീവനക്കാർ നൽകിയ പരാതിയിലാണ് നടപടി. രാത്രി വൈകിയും ജീവനക്കാരെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നതിനാണ് കമ്പനിയുടെ ആസ്ഥാനം ‘ട്വിറ്റർ ഹോട്ടൽ’ ആയി മാറ്റിയത്.
കെട്ടിടനിർമാണനിയമം ലംഘിച്ചാണ് സാൻ ഫ്രാൻസിസ്കോയിലെ ആസ്ഥാന മന്ദിരത്തിന് മാറ്റം വരുത്തിയതെന്നാണ് ആരോപണം. മസ്കിന്‍റെ ടീം മനഃപൂർവം തുടർച്ചയായി ഫെഡറൽ നിയമലംഘനം നടത്തിയെന്ന് മേയ് 16ന് ഡെലവെയർ കോടതിയിൽ സമർപ്പിച്ച പരാതിയിൽ മുൻ ജീവനക്കാർ ആരോപിക്കുന്നു. കമ്പനിയുടെ ഓഫിസിൽ സുരക്ഷിതമല്ലാത്ത മാറ്റങ്ങൾ ഇവർ വരുത്തിയെന്നും പരാതിയിൽ പറയുന്നു.
‘‘കമ്പനി ആസ്ഥാനത്തെ മുറികൾ ഹോട്ടൽ മുറികളാക്കി മാറ്റാൻ എക്‌സ് കോർപ്പറേഷൻ ജീവനക്കാരോട് നിർദേശിക്കുകയായിരുന്നു. ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉള്ള താത്കാലിക വിശ്രമ സ്ഥലങ്ങൾ മാത്രമാണിതെന്ന് ഭൂവുടമയോടും കെട്ടിടപരിശോധനയ്ക്ക് വരുന്ന ഇൻസ്പെക്ടർമാരോടും കള്ളം പറയാനും നിർദേശിച്ചു. ഇതിലൂടെ വാടകയ്ക്ക് മറ്റുമായി നൽകുന്ന ആനുകൂല്യങ്ങൾ ലാഭിക്കാനാണ് മസ്ക്ക് ലക്ഷ്യമിട്ടതെന്ന് കരുതപ്പെടുന്നു. ഡിസംബർ 2022 ന് മസക്ക് ഓഫിസ് മുറി കിടപ്പ് മുറിയാക്കി മാറ്റിയിരുന്നു. ഈ വിവരങ്ങൾ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.’’ – മുൻ ജീവനക്കാർ പരാതിയിൽ വ്യക്തമാക്കുന്നു.