കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി നാളെ ഡല്‍ഹിയിലേക്ക് പോകും. ചൊവ്വാഴ്ച്ച നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്നും കെ സുധാകരന്‍ പറഞ്ഞു.
സിറ്റിംഗ് എംപിമാര്‍ തന്നെയായിരിക്കും കേരളത്തില്‍ നിന്ന് ഇക്കുറിയും ജനവിധി തേടുകയെന്നാണ് വിവരം. ചില മണ്ഡലങ്ങളില്‍ മാറ്റമുണ്ടായേക്കാം. കെ സുധാകരന്‍ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ രൂപം ആയിട്ടില്ല. കെപിസിസി പ്രസിഡണ്ട് സ്ഥാനവും എം പി പദവിയും ഒരുമിച്ചു കൊണ്ടുപോകുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടി ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു കെ സുധാകരന്റെ നിലപാട്. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചിട്ടുണ്ടെന്ന് കെ സുധാകരന്‍ പ്രതികരിച്ചു.
കെ സുധാകരന്‍ മത്സരിച്ചില്ലെങ്കില്‍ പകരം കണ്ണൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജയന്ത്, വി പി അബ്ദുള്‍ റഷീദ്, റിജില്‍ മാക്കുറ്റി എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. സംസ്ഥാനത്ത് എല്‍ഡിഎഫ് ഇതിനകം മുഴുവന്‍ സീറ്റിലേക്കും ബിജെപി 12 സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് പ്രഖ്യാപനം കൂടി കഴിഞ്ഞാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചിത്രം തെളിയും.