ദില്ലി: വിവാദങ്ങൾക്കിടെ പാർലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിച്ച് എംപിമാർക്ക് കത്ത്. ഞായറാഴ്ച 12 മണിക്കാണ് ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം, ചടങ്ങ് ബഹിഷ്ക്കരിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
ആംആദ്മി പാർട്ടിയും, തൃണമൂൽ കോൺഗ്രസും ചടങ്ങ് ബഹിഷ്ക്കരിക്കും. രാഷ്ട്രപതിയെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഇരു പാർട്ടി നേതാക്കളും പറയുന്നു. ചടങ്ങ് ബഹിഷ്ക്കരിക്കാൻ കോൺഗ്രസും ഇടത് പക്ഷവും തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും.