ഇസ്താംബൂൾ: ലോകത്തെ ഏറ്റവും വലിയ മൂക്കിന്റെ ഉടമയെന്ന ഗിന്നസ് റെക്കോർഡ് നേടിയ മെഹ്മെത് ഒസ്യുരെക് അന്തരിച്ചു. 75കാരനായ ഒസ്യൂരെക്കിന്റെ മരണവാർത്ത ഗിന്നസ് വേൾഡ് റെക്കോർഡ് (ജി.ഡബ്ല്യു.ആർ) അധികൃതരാണ് തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചത്. ഒസ്യൂരെക്കിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് അവർ അറിയിച്ചു.
തുർക്കി പൗരനായ ഒസ്യൂരെക്കിന്റെ മൂക്കിന് 3.46 ഇഞ്ച് (8.8 സെ.മീ) വലിപ്പമുണ്ടായിരുന്നു. അസുഖം ബാധിച്ച് ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നതായി ജി.ഡബ്ല്യു.ആർ പറഞ്ഞു. ഡോക്ടർമാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ ശ്രമം പാഴാവുകയായിരുന്നു. ജന്മനാടായ ആർട്‌വിനിലാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടന്നത്. പ്രിയപ്പെട്ടവർ അദ്ദേഹത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി.
2021 നവംബറിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ ഈ റെക്കോർഡ് സ്ഥിരീകരിച്ചത്. ജീവിച്ചിരിക്കുന്ന ഒരു പുരുഷന്റെ ഏറ്റവും നീളം കൂടിയ മൂക്ക് എന്ന ബഹുമതിക്ക് മുമ്പും രണ്ടു തവണ ഒസ്യൂരെക് അർഹനായിരുന്നു. 2001ലാണ് ആദ്യമായി അദ്ദേഹത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് തേടിയെത്തുന്നത്. തുടർന്ന് 2010ൽ ഇറ്റലിയിലെ ‘ലോ ഷോ ഡീ റെക്കോർഡി’നും അദ്ദേഹം അർഹനായി.
ഒസ്യൂരെക് തന്റെ ജീവിതത്തോടുള്ള അഭിനിവേശത്താൽ അറിയപ്പെടുകയും എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്തതായി ജി.ഡബ്ല്യു.ആർ പറയുന്നു. കൂടാതെ റെക്കോർഡ് കുറിച്ച മൂക്കിനാൽ താനെങ്ങനെ അനുഗ്രഹിക്കപ്പെട്ടു എന്നതിനെക്കുറിച്ചും അദ്ദേഹം പലപ്പോഴും സംസാരിച്ചു.