മുംബൈ ∙ രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്കു സഹായവുമായി വ്യവസായി ഗൗതം അദാനി. അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ചെലവ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്നു ഗൗതം അദാനി അറിയിച്ചു.
അപകടത്തിൽ ഇരകളായവർക്കും അവരുടെ കുടുംബത്തിനും കരുത്തു പകരേണ്ടതും കുട്ടികൾക്കു ശോഭനമായ ഭാവി സൃഷ്ടിക്കേണ്ടതും കൂട്ടത്തരവാദിത്തമാണെന്ന് അദാനി ട്വീറ്റ് ചെയ്തു. ഒഡീഷയിലെ ബാലസോറിൽ രണ്ടു യാത്രാ ട്രെയിനും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 275 പേർക്കാണു ജീവൻ നഷ്ടമായത്. 88 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
അതേസമയം, മൂന്നു ട്രെയിനുകൾ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്നു റെയിൽവേ ബോർഡ് വിശദീകരിച്ചു. അപകടത്തിൽപ്പെട്ടത് കൊറമാണ്ഡൽ എക്സ്പ്രസ് മാത്രമാണെന്നും റെയിൽവേ ബോർഡ് അംഗം ജയ വർമ സിൻഹ പറഞ്ഞു. അപകടം സിബിഐ അന്വേഷിക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി.