റയൽ മാഡ്രിഡ് കുപ്പായം അഴിച്ചുവെക്കാൻ തീരുമാനിച്ച ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ സൗദി അറേബ്യയിലെ അൽ-ഇത്തിഹാദ് ക്ലബുമായി പ്രാഥമിക കരാർ ഒപ്പുവെച്ചു. രണ്ടുവർഷത്തേക്കാണ് കരാർ. 200 മില്യൺ യുറോയാണ് വേതനമായി ലഭിക്കുക. സൗദിയുടെ 2030 ലോകകപ്പ് ബിഡിന്റെ അംബാസഡർ കൂടിയായിരിക്കും ബെൻസെമ.
നിലവിലെ ബാലൺ ഡി ഓർ ജേതാവായ ബെൻസെമ, റയിലിനൊപ്പം 14 വർഷത്തിനിടെ 25 പ്രധാന ട്രോഫികളാണ് നേടിയത്. പരിക്കുകൾ ഈ സീസണിലെ പ്രകടനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഖത്തറിലെ ലോകകപ്പ് നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലുമായി 33 മത്സരങ്ങൾ കളിച്ചു. ഞായറാഴ്ച അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ അവസാന മത്സരത്തിൽ ഒരുഗോൾ ഉൾപ്പെടെ 23 ഗോളുകൾ നേടി.ചൊവ്വാഴ്ചയാണ് റയൽ മാഡ്രിഡിൽ 35-കാരന്റെ വിടവാങ്ങൽ പത്രസമ്മേളനം നടക്കുന്നത്.
ബെൻസെമയുടെ വിടവാങ്ങൽ സംബന്ധിച്ച് റയലിന്റെ മാനേജർ കാർലോ ആൻസലോട്ടി പറഞ്ഞത് ഇങ്ങനെയാണ്, “അവന്റെ വിടവാങ്ങലിൽ ക്ലബിന് സന്തോഷിക്കാൻ കഴിയില്ല, പക്ഷേ ഞങ്ങൾ അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കണം”.