കീവ്∙ യുദ്ധത്തിൽ തകർന്ന യുക്രെയ്നു വലിയ പ്രഹരമായി നോവ കഖോവ്ക ഡാം. ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള അണക്കെട്ട് റഷ്യൻ സേന തകർത്തതാണെന്നാണ് യുക്രെയ്ന്റെ ആരോപണം. ‘ഭീകരപ്രവർത്തനം’ ഉണ്ടായെന്നാണു റഷ്യ നിയോഗിച്ച പ്രാദേശിക മേയർ വിശേഷിപ്പിച്ചത്. ആരോപണ പ്രത്യാരോപണങ്ങൾ മുറുകവേ, അണക്കെട്ട് മഹാദുരന്തമായി യുക്രെയ്നെ ഗ്രസിക്കുകയാണെന്നാണു റിപ്പോർട്ടുകൾ.
ഖേർസൻ നഗരത്തിനു 30 കിലോമീറ്റർ കിഴക്കായി, ഡിനിപ്രോ നദിയിൽ നിർമിച്ചിരുന്നതാണ് നോവ കഖോവ്ക അണക്കെട്ട്. പ്രാദേശികമായുള്ള വലിയ പ്രയാസങ്ങൾക്കൊപ്പം യുക്രെയ്ന്റെ യുദ്ധാഘാതം ഇരട്ടിയാക്കുന്ന സംഭവമാണ് അണക്കെട്ടിന്റെ തകർച്ചയെന്നാണു രാജ്യാന്തര മാധ്യമങ്ങളുടെ വിലയിരുത്തൽ. അണക്കെട്ട് തകർത്തത് റഷ്യയാണെന്നാണ് യുക്രെയ്ന്റെ ആരോപണം. സംഭവത്തിന്റെ ഉത്തരവാദിത്തം യുക്രെയ്നാണെന്നാണ് റഷ്യയുടെ നിലപാട്.