കൊച്ചി: നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് കുഞ്ഞുമോൻ്റെ ശസ്ത്രക്രിയ വിജയകരം. കൊച്ചി അമൃത ആശുപത്രിയിലാണ് ഒന്‍പത് മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയ നടന്നത്. സുഹൃത്തും നടനുമായ ബിനീഷ് ബാസ്റ്റിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. “മഹേഷ് കുഞ്ഞുമോന്റെയും ബിനു ചേട്ടന്റെയും (ബിനു അടിമാലി) ഡ്രൈവർ ഉല്ലാസ് അരൂരിന്റെയും കാര്യം ഒരുപാട് പേര് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് മഹേഷിന്റെ ശസ്ത്രക്രിയ കഴിഞ്ഞത്. ഇനിയും ചെറിയ ഒപ്പറേഷനൊക്കെ ഉണ്ട്. ഉല്ലാസിന് ചെറിയ പരിക്കുകളേ ഉള്ളൂ. പോയി കണ്ടിരുന്നു. അടുത്ത ദിവസങ്ങളിൽ ഡിസ്ചാർജ് ആകും. അപകടത്തിന്റെയും സുധിച്ചേട്ടൻ്റെ മരണത്തിന്റെയും ഷോക്കിൽ നിന്നും ബിനു ചേട്ടൻ മുക്തനായിട്ടില്ല. സുധിച്ചേട്ടന്റെ മുഖം മനസിൽ നിന്നും മാഞ്ഞിട്ടില്ല. തനിക്കായി പ്രാർത്ഥിക്കണമെന്ന് ബിനുച്ചേട്ടൻ പറഞ്ഞിട്ടുണ്ട്”, എന്നാണ് ബിനീഷ് പറയുന്നത്.